ഗൂഗിളില്‍ നിന്നെടുത്ത ഒരു പഴയ ടാക്കീസ് |
പണ്ടുപണ്ട് ഞങ്ങളുടെ ഗ്രാമത്തിലും ഒരു ഓലമേഞ്ഞ സിനിമാകൊട്ടകയുണ്ടായിരുന്നു. അന്ന് സിനിമ കാണാന്‍ പോവുക എന്നത് ഇന്നത്തെപ്പോലെയല്ല, 'മ്മിണി ബല്യ' സംഭവം തന്നെയായിരുന്നു... നല്ലപടമാണെന്ന് ഉറപ്പുണ്ടെങ്കില്‍ അച്ചനും അമ്മയ്ക്കും അപേക്ഷ കൊടുത്ത് കാത്തിരിക്കണം. സമയവും സാഹചര്യവും പടത്തിനെപ്പറ്റിയുള്ള ഏകദേശവിലയിരുത്തലും ഒക്കെ പരിഗണിച്ച് ദര്‍ശനാനുമതി കിട്ടിക്കഴിഞ്ഞാല്‍ പിന്നെ വീട്ടില്‍ ആഘോഷമാണ്. ഭംഗിയായി ഒരുങ്ങി പുറപ്പെടാനുള്ള ഒരുക്കം തകൃതിയായി നടക്കും. മിക്കവാറും കുടുംബം മൊത്തമായാണ് അന്ന് സിനിമ കാണാന്‍ പോവുക. ആരും വീട്ടിലിരിക്കില്ല. നടക്കാന്‍ വയ്യാത്ത മുത്തശ്ശിമാരായിരിക്കും മുന്നില്‍. അന്നത്തെ വയല്‍പ്പണി കഴിഞ്ഞ് വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ മാറ്റിവെച്ചതില്‍ മിച്ചം വെച്ച രൂപ കൊണ്ട് കൂലിപ്പണിക്കാരന്‍ കോരനും ടിക്കറ്റ് വാങ്ങാന്‍ ക്യൂ നില്‍ക്കുന്നുണ്ടാകും. ബെഞ്ചില്‍ ഇരുന്ന് കാണാനുള്ള ഒരു രൂപ ടിക്കറ്റായിരിക്കും മിക്കവാറും അവന്റെ ലക്ഷ്യം. (അതിനും കുറച്ചുകാലം മുമ്പ് നിലത്തിരുന്ന് വിശാലമായി സിനിമ കാണാനുള്ള 'തറ ടിക്കറ്റ്' ഉണ്ടായിരുന്നെന്ന് മുതിര്‍ന്നവര്‍ പറഞ്ഞുകേട്ടിട്ടുണ്ട്).
സ്ഥലത്തെ പ്രമാണിമാരുടെ കുടുംബം ഏറ്റവും ഉയര്‍ന്ന ക്ലാസ് മാത്രമേ എടുക്കുകയുള്ളൂ എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഉയര്‍ന്ന ക്ലാസ് എന്ന് കേട്ട് അമിതമായി ഒന്നും സങ്കല്പിക്കരുത്. മരത്തില്‍ പണിതുണ്ടാക്കിയ, പെയിന്റടിച്ച, ഉള്ളതില്‍ മുന്തിയതരം സീറ്റായിരിക്കും ഇത്തരക്കാര്‍ക്കുള്ളത്. മറ്റുള്ളവരുടെ തലമറയാതെ കാണാന്‍ ഇവരുടെ സീറ്റുകള്‍ ഉള്ള നിലം സ്ലോപ്പ് ആയി നിര്‍മ്മിച്ചതായിരിക്കും. പരിവാരസമേതം നമ്മള്‍ സിനിമാകൊട്ടകയുടെ പരിസരത്ത് എത്തിയാല്‍ അവിടം ഉത്സവ പ്രതീതിയായിരിക്കും. സിനിമ തുടങ്ങുന്നതിന് ഏകദേശം ഒരു മണിക്കൂര്‍ മുമ്പ് സമീപത്തുള്ള തെങ്ങിന്റെ ഉച്ചിയില്‍ കെട്ടിയ ഉച്ചഭാഷിണി (Loud Speaker) വഴി സിനിമാഗാനങ്ങള്‍ നാട്ടുകാരെ കേള്‍പ്പിക്കും. ഇടിയും തൊഴിയും കൂടി ഒരുവിധം ടിക്കറ്റ് കൈക്കലാക്കി ജേതാക്കളെപ്പോലെ ഓരോ കുടുംബവും പ്രവേശന കവാടത്തെ ലക്ഷ്യമാക്കി മുന്നേറും. ചെറിയ കുട്ടികള്‍ക്ക് ടിക്കറ്റ് എടുക്കാതിരിക്കാന്‍ അച്ചനമ്മമാര്‍ കഴിയുന്നവരെ ഒക്കെ ഒക്കത്തെടുത്തിരിക്കും. വാതില്‍ക്കല്‍ നില്‍ക്കുന്ന ടിക്കറ്റ് മുറിച്ചുനല്‍കുന്ന മാന്യനെ മറികടന്ന്, സിഗരറ്റ് മണം നിറഞ്ഞ കൊട്ടകയുടെ ഉള്‍വശത്തെത്തിയാല്‍ ഒരു സ്വപ്‌നലോകത്തെത്തിയ പോലെ തോന്നും.
വെള്ളനിറമുള്ള വലിച്ചുകെട്ടിയ തുണിയില്‍ അക്ഷരങ്ങള്‍ തെളിയുമ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ ശ്വാസമടക്കിയിരിക്കും. ആദ്യമാദ്യം രസംകൊല്ലികളായ ന്യൂസ്‌റീലുകളായിരിക്കും കാണിക്കുക. ഉഗാണ്ടയിലെ ഭക്ഷ്യപ്രശ്‌നമോ ഇന്ത്യന്‍ പ്രസിഡന്റിന്റെ അഫ്ഗാന്‍ സന്ദര്‍ശനമോ ഒക്കെയായിരിക്കും കറുപ്പുംവെള്ളയും നിറത്തില്‍ പൊട്ടിപ്പൊളിഞ്ഞ റീലില്‍ കാണാനാവുക. അതോടെ ക്ഷമയുടെ നെല്ലിപ്പടി കാണും. കാട്ടുകോഴിക്കെന്തു സംക്രാന്തി? നാട്ടിന്‍പുറത്തുകാരായ അണ്ടനും അടകോടനും ഇംഗ്ലീഷിലും പരന്ത്രീസിലും ഉള്ള ഈ സുവിശേഷം കേട്ടാല്‍ എന്തു മനസ്സിലാകും? അക്ഷമരായ കാണികളുടെ തെറിവിളികള്‍ കാരണം പലപ്പോഴും ന്യൂസ് റീലുകള്‍ മുഴുമിക്കാന്‍ അധികൃതര്‍ക്ക് സാധിക്കാറില്ല. അതിനുമുമ്പുതന്നെ ആളുകളെ കോരിത്തരിപ്പിച്ചുകൊണ്ട് സ്‌ക്രീനില്‍ സിനിമയുടെ സര്‍ട്ടിഫിക്കറ്റ് പ്രത്യക്ഷപ്പെടും. ഈ സര്‍ട്ടിഫിക്കറ്റ് കണ്ടാല്‍ ഒന്നും മനസ്സിലാകില്ല. സിനിമ എത്ര റീലുണ്ട് എന്ന് മനസ്സിലാക്കാന്‍ മാത്രമേ നിരക്ഷരകുക്ഷികളായ ഗ്രാമീണര്‍ പ്രാവീണ്യം നേടിയിരുന്നുള്ളൂ. പിന്നെ പേരുകാണിക്കല്‍... സംഘട്ടനം : ത്യാഗരാജന്‍ എന്നു കാണിക്കുന്നിടത്തും പിന്നെ സൂപ്പര്‍താരത്തിന്റെ ആഗമനസമയത്തും എല്ലാവരും മനംനിറഞ്ഞു കയ്യടിക്കും. സിനിമ തുടങ്ങിയാല്‍ പിന്നെ ഒരു ധ്യാനമാണ്. ഏതോ ഒരു ലോകത്ത് കുറെ മനുഷ്യര്‍ക്കിടയില്‍ അവരുടെ പ്രശ്‌നങ്ങളും പ്രാരാബ്ധങ്ങളും തമാശകളും കരച്ചിലുകളും നേരിട്ടുകണ്ട് രണ്ട് രണ്ടര മണിക്കൂര്‍... അതിനിടയില്‍ നാം കൊട്ടകയില്‍ സിനിമ കാണുകയാണെന്നുപോലും മറന്നുപോകും. അവസാനം 'ശുഭം' എന്ന കാണിക്കുമ്പോള്‍, മധുരസ്മരണകള്‍ അയവിറക്കി നിറഞ്ഞ മനസ്സോടെയുള്ള പുറത്തിറക്കം.
സിനിമ കണ്ടുകഴിഞ്ഞ്, അത് കാണാന്‍ സാധിക്കാത്ത 'ഹതഭാഗ്യരായ' കുട്ടികള്‍ക്ക് കഥ പറഞ്ഞുകൊടുക്കലായിരിക്കും അടുത്ത ഇനം. നസീറും ജയനും കൊള്ളക്കാരായ ജോസ്പ്രകാശിനെയും മറ്റും ഇടിച്ചുപരത്തുന്ന വീരപരാക്രമങ്ങള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് അവതരിപ്പിച്ചുകാണിക്കുമ്പാള്‍ എന്തൊരു ത്രില്ലായിരിക്കും മനസ്സുനിറയെ. സിനിമ ഏതായാലും കാണാന്‍ പറ്റിയില്ല, കഥയെങ്കിലും കേട്ടാല്‍ മതി എന്ന ചിന്തയിലായിരിക്കും മറ്റു കുട്ടികള്‍.
കാലം മാറിയപ്പോള്‍ വീടിന് തൊട്ടടുത്ത് കൂടുതല്‍ സൗകര്യങ്ങളോടെ പുതിയ തിയേറ്റര്‍, സിനിമാനടന്‍ സുകുമാരന്‍ (സംശയിക്കണ്ട... മ്മടെ പൃഥ്വിയുടെ അച്ഛന്‍ തന്ന്യേയ്..) ഉദ്ഘാടനം ചെയ്തു. സിനിമ കാണല്‍ കൂടുതല്‍ ഭംഗിയായി നടക്കുകയും ചെയ്തു. എങ്കിലും പത്താംവയസ്സില്‍ ആദ്യമായി ഒറ്റയ്ക്ക് ഒരു സിനിമ കാണാന്‍ പോയത് മനസ്സില്‍ പച്ചപിടിച്ചുകിടക്കുന്നു. മലയാളത്തിന്റെ രണ്ട് സൂപ്പര്‍താരങ്ങളും ഒന്നിച്ച 'ഗീതം' എന്ന സിനിമയായിരുന്നു അത്. ആദ്യമായി കാണാന്‍ പോയതുകൊണ്ട്, ഇങ്ങനെയൊരു പടമുണ്ടായിരുന്നെന്ന് ഇന്നും ഓര്‍മ്മിക്കുന്ന ഏക പ്രേക്ഷകനായിരിക്കും ചിലപ്പോള്‍ ഞാന്‍.
മലയാളസിനിമയുടെ സുവര്‍ണകാലമായിരുന്നെന്ന് എല്ലാവരും സമ്മതിക്കുന്ന 80-90 കാലഘട്ടത്തില്‍ ജീവിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി ഞാന്‍ കരുതുന്നു. സിബിമലയില്‍, ലോഹിതദാസ്, കമല്‍, സത്യന്‍ അന്തിക്കാട്, ഭരതന്‍, പത്മരാജന്‍, രാമു കാര്യാട്ട്, ജോഷി, ഫാസില്‍ തുടങ്ങിയ സംവിധായകരുടെ ക്ലാസിക് സിനിമകളും വയലാര്‍, ദേവരാജന്‍, പി. ഭാസ്‌കരന്‍ തുടങ്ങി എ.ടി. ഉമ്മര്‍, ശ്യാം, ജോണ്‍സണ്‍, രവീന്ദ്രന്‍ തുടങ്ങിയ പ്രതിഭാധനന്മാരുടെ ഗാനങ്ങളും കേട്ടാണ് എന്റെ ബാല്യകൗമാരങ്ങള്‍ പൂത്തുലഞ്ഞത്.
വര്‍ഷങ്ങള്‍ കഴിഞ്ഞ് ഇന്ന് ആ പഴയ കൊട്ടകകളെല്ലാം പൊളിച്ചുമാറ്റി മാളുകളും മള്‍ട്ടിപ്ലക്‌സുകളും ഉയരുമ്പോള്‍ ഉള്ളിലെവിടെയോ ഒരു ചെറിയ നൊമ്പരം...
ഓര്‍ത്തുവെക്കാന്‍ ഒരുപാട് നല്ല നിമിഷങ്ങളെ തന്ന ആ പഴയ ഓലമേഞ്ഞ പുരകളെ ഓര്‍ത്ത്...