Monday, January 4, 2021

 ഒരു സമ്മാനം നഷ്ടപ്പെട്ട കഥ

നാലില്‍ പഠിക്കുമ്പോഴാണ്... അന്ന് ഫ്രീപിര്യേഡുണ്ടാവുമ്പോള്‍ ഡ്രില്‍ മാസ്റ്റര്‍ വന്ന് കഥകളും പാട്ടുകളുമായി ക്ലാസ് കൊഴുപ്പിക്കും. പതിവുപോലെ ഒരു ഫ്രീ പീര്യേഡില്‍ ഡ്രില്‍ മാസ്റ്റര്‍ വന്ന് നമുക്കൊരു മത്സരം നടത്താം എന്നുപറഞ്ഞു. കുട്ടികള്‍ എല്ലാവരും ഉത്സാഹത്തോടെ സമ്മതം മൂളി. 

മാസ്റ്റര്‍ തുടര്‍ന്നു.

'ഞാന്‍ മൂന്ന് വാക്കുകള്‍ പറയാം. മൂന്നും തെറ്റാതെ ബോര്‍ഡില്‍ എഴുതുന്ന ആള്‍ക്ക് ഞാന്‍ എന്റെ ഹീറോ പെന്‍ സമ്മാനമായി തരും.'

അന്ന് ഹീറോ പെന്‍ എന്നു പറഞ്ഞാല്‍ പേനകളിലെ രാജാവ് ആയിരുന്നു. ഒരു ഹീറോ പെന്‍ കീശയിലുണ്ടാവുക എന്നത് ആഢ്യത്വത്തിന്റെ ലക്ഷണമെന്നു പറയാം. അങ്ങനെയുള്ള ഹീറോ പെന്‍ ആണ് കിട്ടാന്‍ പോവുന്നത്. 

കുട്ടികള്‍ എല്ലാവരും ആഹ്ലാദത്തോടെ കയ്യടിച്ചു.

ആരവങ്ങള്‍ക്കിടയില്‍, ആരാണ് എന്റെ വെല്ലുവിളി ഏറ്റെടുക്കുക എന്ന് മാഷ് ചോദിച്ചു. ആരും മുന്നോട്ടുവന്നില്ല. എല്ലാവരും കൂടി എന്റെ പേര് പറഞ്ഞു.

സ്വതവേ അന്തര്‍മുഖനായ ഞാന്‍ മടിച്ചുനിന്നെങ്കിലും എല്ലാവരും കൂടി എന്നെ നിര്‍ബ്ബന്ധിച്ചു ഉന്തിത്തള്ളി മുന്നോട്ടുവിട്ടു. 

ബോര്‍ഡിനടുത്തുപോയി ഞാന്‍ പരുങ്ങിനിന്നു.

'റെഡിയല്ലേ. ആദ്യത്തെ ചോദ്യം.'

മാഷിന്റെ ശബ്ദം ഉച്ചത്തില്‍ മുഴങ്ങി. 

'ഘടോല്‍ക്കചന്‍!'

സിംപിള്‍..! എഴുതി. മിഥുനത്തിലെ ഇന്നസെന്റിനെപ്പോലെ കഴുത്തുവെട്ടിച്ച് ഒരു നില്‍പ്പ് നിന്നു.

അടുത്തവാക്ക് കാതില്‍ വന്നുവീണു.

'ധൃഷ്ടദ്യുമ്‌നന്‍!'

ആദ്യമായി കേള്‍ക്കുകയാണ്. മാഷ് കടുകട്ടി വാക്കുകള്‍ ഇട്ട പെരുമാറുകയാണ്. എന്നാലും ഒപ്പിച്ച് എഴുതി.

മൂന്നാമത്തെ ചോദ്യം..!

'ചക്ഷുഃശ്രവണന്‍!'

കാതിലൂടെ ഒരു കിളി പറന്നുപോയി. എങ്കിലും ചക്ഷുഃ വരെ കറക്ടായി എഴുതി. ശ്ര ആണോ സ്ര ആണോ എന്നൊരു ശങ്ക. മറ്റ് കുട്ടികളെ ദയനീയമായി നോക്കി. എല്ലാവരും ആര്‍പ്പുവിളിച്ചു പ്രോത്സാഹിപ്പിക്കുകയാണ്. പലരും പലവിധ ആംഗ്യങ്ങള്‍ കാണിക്കുന്നുണ്ട്. അവസാനം സ്ര യില്‍ തന്നെ വിശ്വാസമര്‍പ്പിച്ചു. ഉത്തരം തെറ്റി. അതോടെ എന്റെ ഹീറോ പെന്നും നഷ്ടപ്പെട്ടു.


ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ചെറിയൊരു പിഴവാണ്. പക്ഷേ അതുകൊണ്ട് ഒരു കാര്യമുണ്ടായി. ഈ വാക്ക് ജീവിതത്തില്‍ ഒരിക്കലും മറക്കില്ല. പോരാത്തതിന് പിന്നീട് പത്താംക്ലാസിലെത്തിയപ്പോള്‍ പഠിച്ച ഈ കവിതയുടെ വരികളും...

"ചക്ഷുഃശ്രവണഗളസ്ഥമാം ദര്‍ദ്ദുരം 
ഭക്ഷണത്തിനപേക്ഷിക്കുന്നതുപോലെ
കാലാഹിനാ പരിഗ്രസ്തമാം ലോകവും 
ആലോലചേതസ്സാഭോഗങ്ങള്‍ തേടുന്നു.."

മാഷ് ഇന്നില്ല. എങ്കിലും ഈ ഓര്‍മ്മകള്‍ ഇന്നും മറയാതെ നില്‍ക്കുന്നു.






Friday, July 6, 2012

ഓര്‍മ്മയില്‍ ഒരു വെള്ളിത്തിര


ഗൂഗിളില്‍ നിന്നെടുത്ത ഒരു പഴയ ടാക്കീസ്




  

പണ്ടുപണ്ട് ഞങ്ങളുടെ ഗ്രാമത്തിലും ഒരു ഓലമേഞ്ഞ സിനിമാകൊട്ടകയുണ്ടായിരുന്നു. അന്ന് സിനിമ കാണാന്‍ പോവുക എന്നത് ഇന്നത്തെപ്പോലെയല്ല, 'മ്മിണി ബല്യ' സംഭവം തന്നെയായിരുന്നു... നല്ലപടമാണെന്ന് ഉറപ്പുണ്ടെങ്കില്‍ അച്ചനും അമ്മയ്ക്കും അപേക്ഷ കൊടുത്ത് കാത്തിരിക്കണം. സമയവും സാഹചര്യവും പടത്തിനെപ്പറ്റിയുള്ള ഏകദേശവിലയിരുത്തലും ഒക്കെ പരിഗണിച്ച് ദര്‍ശനാനുമതി കിട്ടിക്കഴിഞ്ഞാല്‍ പിന്നെ വീട്ടില്‍ ആഘോഷമാണ്. ഭംഗിയായി ഒരുങ്ങി പുറപ്പെടാനുള്ള ഒരുക്കം തകൃതിയായി നടക്കും. മിക്കവാറും കുടുംബം മൊത്തമായാണ് അന്ന് സിനിമ കാണാന്‍ പോവുക. ആരും വീട്ടിലിരിക്കില്ല. നടക്കാന്‍ വയ്യാത്ത മുത്തശ്ശിമാരായിരിക്കും മുന്നില്‍. അന്നത്തെ വയല്‍പ്പണി കഴിഞ്ഞ് വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ മാറ്റിവെച്ചതില്‍ മിച്ചം വെച്ച രൂപ കൊണ്ട് കൂലിപ്പണിക്കാരന്‍ കോരനും ടിക്കറ്റ് വാങ്ങാന്‍ ക്യൂ നില്‍ക്കുന്നുണ്ടാകും. ബെഞ്ചില്‍ ഇരുന്ന് കാണാനുള്ള ഒരു രൂപ ടിക്കറ്റായിരിക്കും മിക്കവാറും അവന്റെ ലക്ഷ്യം. (അതിനും കുറച്ചുകാലം മുമ്പ് നിലത്തിരുന്ന് വിശാലമായി സിനിമ കാണാനുള്ള 'തറ ടിക്കറ്റ്' ഉണ്ടായിരുന്നെന്ന് മുതിര്‍ന്നവര്‍ പറഞ്ഞുകേട്ടിട്ടുണ്ട്).


സ്ഥലത്തെ പ്രമാണിമാരുടെ കുടുംബം ഏറ്റവും ഉയര്‍ന്ന ക്ലാസ് മാത്രമേ എടുക്കുകയുള്ളൂ എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഉയര്‍ന്ന ക്ലാസ് എന്ന് കേട്ട് അമിതമായി ഒന്നും സങ്കല്പിക്കരുത്. മരത്തില്‍ പണിതുണ്ടാക്കിയ, പെയിന്റടിച്ച, ഉള്ളതില്‍ മുന്തിയതരം സീറ്റായിരിക്കും ഇത്തരക്കാര്‍ക്കുള്ളത്. മറ്റുള്ളവരുടെ തലമറയാതെ കാണാന്‍ ഇവരുടെ സീറ്റുകള്‍ ഉള്ള നിലം സ്ലോപ്പ് ആയി നിര്‍മ്മിച്ചതായിരിക്കും. പരിവാരസമേതം നമ്മള്‍ സിനിമാകൊട്ടകയുടെ പരിസരത്ത് എത്തിയാല്‍ അവിടം ഉത്സവ പ്രതീതിയായിരിക്കും. സിനിമ തുടങ്ങുന്നതിന് ഏകദേശം ഒരു മണിക്കൂര്‍ മുമ്പ് സമീപത്തുള്ള തെങ്ങിന്റെ ഉച്ചിയില്‍ കെട്ടിയ ഉച്ചഭാഷിണി (Loud Speaker) വഴി സിനിമാഗാനങ്ങള്‍ നാട്ടുകാരെ കേള്‍പ്പിക്കും. ഇടിയും തൊഴിയും കൂടി ഒരുവിധം ടിക്കറ്റ് കൈക്കലാക്കി ജേതാക്കളെപ്പോലെ ഓരോ കുടുംബവും പ്രവേശന കവാടത്തെ ലക്ഷ്യമാക്കി മുന്നേറും. ചെറിയ കുട്ടികള്‍ക്ക് ടിക്കറ്റ് എടുക്കാതിരിക്കാന്‍ അച്ചനമ്മമാര്‍ കഴിയുന്നവരെ ഒക്കെ ഒക്കത്തെടുത്തിരിക്കും. വാതില്‍ക്കല്‍ നില്‍ക്കുന്ന ടിക്കറ്റ് മുറിച്ചുനല്‍കുന്ന മാന്യനെ മറികടന്ന്, സിഗരറ്റ് മണം നിറഞ്ഞ കൊട്ടകയുടെ ഉള്‍വശത്തെത്തിയാല്‍ ഒരു സ്വപ്‌നലോകത്തെത്തിയ പോലെ തോന്നും. 




വെള്ളനിറമുള്ള വലിച്ചുകെട്ടിയ തുണിയില്‍ അക്ഷരങ്ങള്‍ തെളിയുമ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ ശ്വാസമടക്കിയിരിക്കും. ആദ്യമാദ്യം രസംകൊല്ലികളായ ന്യൂസ്‌റീലുകളായിരിക്കും കാണിക്കുക. ഉഗാണ്ടയിലെ ഭക്ഷ്യപ്രശ്‌നമോ ഇന്ത്യന്‍ പ്രസിഡന്റിന്റെ അഫ്ഗാന്‍ സന്ദര്‍ശനമോ ഒക്കെയായിരിക്കും കറുപ്പുംവെള്ളയും നിറത്തില്‍ പൊട്ടിപ്പൊളിഞ്ഞ റീലില്‍ കാണാനാവുക. അതോടെ ക്ഷമയുടെ നെല്ലിപ്പടി കാണും. കാട്ടുകോഴിക്കെന്തു സംക്രാന്തി? നാട്ടിന്‍പുറത്തുകാരായ അണ്ടനും അടകോടനും ഇംഗ്ലീഷിലും പരന്ത്രീസിലും ഉള്ള ഈ സുവിശേഷം കേട്ടാല്‍ എന്തു മനസ്സിലാകും? അക്ഷമരായ കാണികളുടെ തെറിവിളികള്‍ കാരണം പലപ്പോഴും ന്യൂസ് റീലുകള്‍ മുഴുമിക്കാന്‍ അധികൃതര്‍ക്ക് സാധിക്കാറില്ല. അതിനുമുമ്പുതന്നെ ആളുകളെ കോരിത്തരിപ്പിച്ചുകൊണ്ട് സ്‌ക്രീനില്‍ സിനിമയുടെ സര്‍ട്ടിഫിക്കറ്റ് പ്രത്യക്ഷപ്പെടും. ഈ സര്‍ട്ടിഫിക്കറ്റ് കണ്ടാല്‍ ഒന്നും മനസ്സിലാകില്ല. സിനിമ എത്ര റീലുണ്ട് എന്ന് മനസ്സിലാക്കാന്‍ മാത്രമേ നിരക്ഷരകുക്ഷികളായ ഗ്രാമീണര്‍ പ്രാവീണ്യം നേടിയിരുന്നുള്ളൂ. പിന്നെ പേരുകാണിക്കല്‍... സംഘട്ടനം : ത്യാഗരാജന്‍ എന്നു കാണിക്കുന്നിടത്തും പിന്നെ സൂപ്പര്‍താരത്തിന്റെ ആഗമനസമയത്തും എല്ലാവരും മനംനിറഞ്ഞു കയ്യടിക്കും. സിനിമ തുടങ്ങിയാല്‍ പിന്നെ ഒരു ധ്യാനമാണ്. ഏതോ ഒരു ലോകത്ത് കുറെ മനുഷ്യര്‍ക്കിടയില്‍ അവരുടെ പ്രശ്‌നങ്ങളും പ്രാരാബ്ധങ്ങളും തമാശകളും കരച്ചിലുകളും നേരിട്ടുകണ്ട് രണ്ട് രണ്ടര മണിക്കൂര്‍... അതിനിടയില്‍ നാം കൊട്ടകയില്‍ സിനിമ കാണുകയാണെന്നുപോലും മറന്നുപോകും. അവസാനം 'ശുഭം' എന്ന കാണിക്കുമ്പോള്‍, മധുരസ്മരണകള്‍ അയവിറക്കി നിറഞ്ഞ മനസ്സോടെയുള്ള പുറത്തിറക്കം. 


സിനിമ കണ്ടുകഴിഞ്ഞ്, അത് കാണാന്‍ സാധിക്കാത്ത 'ഹതഭാഗ്യരായ' കുട്ടികള്‍ക്ക് കഥ പറഞ്ഞുകൊടുക്കലായിരിക്കും അടുത്ത ഇനം. നസീറും ജയനും കൊള്ളക്കാരായ ജോസ്പ്രകാശിനെയും മറ്റും ഇടിച്ചുപരത്തുന്ന വീരപരാക്രമങ്ങള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് അവതരിപ്പിച്ചുകാണിക്കുമ്പാള്‍ എന്തൊരു ത്രില്ലായിരിക്കും മനസ്സുനിറയെ. സിനിമ ഏതായാലും കാണാന്‍ പറ്റിയില്ല, കഥയെങ്കിലും കേട്ടാല്‍ മതി എന്ന ചിന്തയിലായിരിക്കും മറ്റു കുട്ടികള്‍.
കാലം മാറിയപ്പോള്‍ വീടിന് തൊട്ടടുത്ത് കൂടുതല്‍ സൗകര്യങ്ങളോടെ പുതിയ തിയേറ്റര്‍, സിനിമാനടന്‍ സുകുമാരന്‍ (സംശയിക്കണ്ട... മ്മടെ പൃഥ്വിയുടെ അച്ഛന്‍ തന്ന്യേയ്..) ഉദ്ഘാടനം ചെയ്തു. സിനിമ കാണല്‍ കൂടുതല്‍ ഭംഗിയായി നടക്കുകയും ചെയ്തു. എങ്കിലും പത്താംവയസ്സില്‍ ആദ്യമായി ഒറ്റയ്ക്ക് ഒരു സിനിമ കാണാന്‍ പോയത് മനസ്സില്‍ പച്ചപിടിച്ചുകിടക്കുന്നു. മലയാളത്തിന്റെ രണ്ട് സൂപ്പര്‍താരങ്ങളും ഒന്നിച്ച 'ഗീതം' എന്ന സിനിമയായിരുന്നു അത്. ആദ്യമായി കാണാന്‍ പോയതുകൊണ്ട്, ഇങ്ങനെയൊരു പടമുണ്ടായിരുന്നെന്ന് ഇന്നും ഓര്‍മ്മിക്കുന്ന ഏക പ്രേക്ഷകനായിരിക്കും ചിലപ്പോള്‍ ഞാന്‍.  
പിന്നീട് എത്രയോ പടങ്ങള്‍... കോളേജ് കാലഘട്ടത്തില്‍ അന്നത്തെ എല്ലാവരേയും പോലെ ക്ലാസ് കട്ട്‌ചെയ്തുള്ള സിനിമ കാണല്‍. 
മലയാളസിനിമയുടെ സുവര്‍ണകാലമായിരുന്നെന്ന് എല്ലാവരും സമ്മതിക്കുന്ന 80-90 കാലഘട്ടത്തില്‍ ജീവിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി ഞാന്‍ കരുതുന്നു. സിബിമലയില്‍, ലോഹിതദാസ്, കമല്‍, സത്യന്‍ അന്തിക്കാട്, ഭരതന്‍, പത്മരാജന്‍, രാമു കാര്യാട്ട്, ജോഷി, ഫാസില്‍ തുടങ്ങിയ സംവിധായകരുടെ ക്ലാസിക് സിനിമകളും വയലാര്‍, ദേവരാജന്‍, പി. ഭാസ്‌കരന്‍ തുടങ്ങി എ.ടി. ഉമ്മര്‍, ശ്യാം, ജോണ്‍സണ്‍, രവീന്ദ്രന്‍ തുടങ്ങിയ പ്രതിഭാധനന്മാരുടെ ഗാനങ്ങളും കേട്ടാണ് എന്റെ ബാല്യകൗമാരങ്ങള്‍ പൂത്തുലഞ്ഞത്.
വര്‍ഷങ്ങള്‍ കഴിഞ്ഞ് ഇന്ന് ആ പഴയ കൊട്ടകകളെല്ലാം പൊളിച്ചുമാറ്റി മാളുകളും മള്‍ട്ടിപ്ലക്‌സുകളും ഉയരുമ്പോള്‍ ഉള്ളിലെവിടെയോ ഒരു ചെറിയ നൊമ്പരം...
ഓര്‍ത്തുവെക്കാന്‍ ഒരുപാട് നല്ല നിമിഷങ്ങളെ തന്ന ആ പഴയ ഓലമേഞ്ഞ പുരകളെ ഓര്‍ത്ത്...



Wednesday, June 1, 2011

ടെന്‍ഷന്‍ കുറയ്ക്കണോ? ഒരു നിമിഷം...


എന്റെ ജ്യേഷ്ഠന്‍ മുഖേനയാണ് ഞാന്‍ യോഗയെപ്പറ്റി കേള്‍ക്കുന്നത്. ജ്യേഷ്ഠന്റെ ശ്വാസസംബന്ധമായ ചില പ്രശ്‌നങ്ങള്‍ക്ക് പ്രതിവിധിയായി ഏതോ ഒരു ഡോക്ടര്‍ യോഗ നിര്‍ദ്ദേശിക്കാനിടയായി. ജ്യേഷ്ഠന്‍ പതിവായി ക്ലാസുകള്‍ക്ക് പോവുകയും ചെയ്തു. ക്ലാസ് കഴിഞ്ഞുവരുന്ന ജ്യേഷ്ഠന് അല്പം പ്രസരിപ്പും മുഖത്തൊരു തെളിച്ചവും ഉള്ളതായി ശ്രദ്ധിച്ചെങ്കിലും അതൊന്നും ഗൗനിച്ചില്ല. 

അപ്പോള്‍, 'നിനക്കും പോയിനോക്കിക്കൂടേ' എന്ന് അമ്മ ഉപദേശിക്കാന്‍ തുടങ്ങി. ആളുകളുടെ ഇടയില്‍ പോയി എക്‌സര്‍സൈസൊക്കെ ചെയ്യാന്‍ പണ്ടേ എനിക്ക് മടിയാണ്. പിന്നല്ലേ യോഗ... ഞാന്‍ സമ്മതിച്ചില്ല... 

നാളുകള്‍ കടന്നുപോയി. ഒരുദിവസം ജ്യേഷ്ഠന് കോഴ്‌സിന്റെ ഭാഗമായി ലഭിച്ച യോഗയെപ്പറ്റിയുള്ള പുസ്തകം മറിച്ചുനോക്കാന്‍ ഇടയായി. ഞാന്‍ തേടി നടന്നത് ഇതുതന്നെയെന്ന് എനിക്ക് മനസ്സിലായി. പിന്നെ അമാന്തിച്ചില്ല, അടുത്ത ദിവസം തന്നെ കോഴ്‌സിന് ചേരാനായി പുറപ്പെട്ടു. 

മധുരമായി സംസാരിക്കുന്ന വിജയരാഘവന്‍ മാസ്റ്ററായിരുന്നു ഗുരു. ഗുരുവിന്റെ വാക്കുകളില്‍ നിന്നും യോഗ എന്താണെന്നും അതിന്റെ പ്രയോജനവും, ആരോഗ്യത്തോടെയുള്ള ജീവിതരീതിക്ക് അനുവര്‍ത്തിക്കേണ്ട ഭക്ഷണക്രമത്തെപ്പറ്റിയും എല്ലാം മനസ്സിലാക്കി. ജീവിതത്തിലെ ഒരു വഴിത്തിരിവുതന്നെയായിരുന്നു അത്. 
യോഗ ഒരു വ്യായാമമല്ല. ഒരു ജീവിതരീതി ആണ്. വ്യായാമങ്ങള്‍ നമ്മുടെ ശരീരത്തിന് മാത്രം പ്രയോജനപ്പെടുമ്പോള്‍ യോഗ ശരീരത്തിനും മനസ്സിനും ഒരു പോലെ പ്രയോജനപ്രദമാണ്. തിരക്കുപിടിച്ച ജീവിതത്തില്‍ പലപ്പോഴും യോഗപരിശീലനം തടസ്സപ്പെടുമെങ്കിലും ടെന്‍ഷന്‍ വര്‍ദ്ധിക്കുമെന്ന് തോന്നുമ്പോള്‍ ഞാന്‍ ഓടും യോഗ ചെയ്യാന്‍.

യോഗയുടെ പ്രയോജനങ്ങള്‍

യോഗ ചെയ്താല്‍ മെലിയുമെന്ന് പലരും പറഞ്ഞുകേള്‍ക്കാറുണ്ട്. യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് ശരീരത്തിലെ അമിത മേദസ്സ് നഷ്ടപ്പെടുന്നതാണ്. അതോടെ ശരീരത്തിന് നല്ല Flexibility ലഭിക്കുന്നു. Energy യുടെ ഭാഷയില്‍ പറഞ്ഞാല്‍ Pranic Energy യുടെ അളവു വര്‍ദ്ധിക്കുന്നു. എല്ലാ മനുഷ്യ ശരീരത്തേയും ആവരണം ചെയ്യുന്ന ഓറയുടെ അളവില്‍ കാര്യമായ മാറ്റമുണ്ടാകുന്നു. നേരത്തെ പറഞ്ഞ മുഖപ്രസാദത്തിന്റെ കാരണം ഇതാണ്. 

എത്ര വയസ്സുമുതല്‍ യോഗ ചെയ്യാം?

13 വയസ്സിന് താഴെ പ്രായമുള്ളവര്‍ യോഗ ചെയ്യുന്നത് നല്ലതല്ല. മസിലുകള്‍ ഉറയ്ക്കുന്നതിനുമുമ്പുള്ള ഇളം പ്രായത്തില്‍ യോഗ ചെയ്യുന്നത് എളുപ്പമെങ്കിലും പിന്നീട് അത് വലിയ ദോഷം ചെയ്യാനിടയുണ്ട്. ലഘുവ്യായാമങ്ങളായ സൂക്ഷ്മയോഗ ചെയ്യുന്നത്‌കൊണ്ട് കുഴപ്പമില്ല. പഠിക്കുന്ന കുട്ടികള്‍ക്ക് തലച്ചോറില്‍ രക്തചംക്രമണം വര്‍ദ്ധിക്കാനും ബുദ്ധി സൂക്ഷ്മമാവാനും സഹായിക്കും.

ആസ്ത്മ, അലര്‍ജി, നടുവേദന

ശ്വാസകോശത്തെ വികസിപ്പിക്കാനും ശുദ്ധവായു അകത്ത് പ്രവേശിക്കാനും സഹായിക്കുന്നതാണ് ശ്വസനക്രിയകള്‍. സ്ത്രീകളെ അലട്ടുന്ന പ്രശ്‌നമാണ് നടുവേദന. ഇടുപ്പിനും നട്ടെല്ലിനും വ്യായാമം ലഭിക്കുന്ന ആസനങ്ങള്‍ നടുവേദന കുറയ്ക്കും.

സൗന്ദര്യം കൂട്ടാന്‍

സൗന്ദര്യം കൂട്ടാനും യോഗയോ? അദ്ഭുതപ്പെടേണ്ട. പ്രസവശേഷം അരക്കെട്ടിലും വയറിലും അടിഞ്ഞുകൂടുന്ന കൊഴുപ്പുകള്‍ കുറയ്ക്കാന്‍ യോഗ സഹായിക്കും. 

നല്ല സമയം ഏത്?

പുലര്‍ച്ചെ എഴുന്നേറ്റ് യോഗ ചെയ്യുന്നതാണ് നല്ലത്. വൈകുന്നേരമാണെങ്കില്‍ 4 മുതല്‍ 7 വരെയുള്ള സമയത്തിനിടയ്്ക്ക് ചെയ്യാം. കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ചെയ്യാന്‍ ശ്രദ്ധിക്കുക. കഴിയുന്നതും മുടങ്ങാതെ ചെയ്യാന്‍ ശ്രദ്ധിക്കുക.

ശരിയായ സ്ഥലം ഏത്?

ഹഠയോഗ ശാസ്ത്രത്തില്‍ പറയുന്നത്, ആള്‍പ്പെരുമാറ്റമില്ലാത്ത ഇടം, ശാന്തമായ അന്തരീക്ഷം എന്നൊക്കെയാണ്. തുറന്ന സ്ഥലം ഒഴിവാക്കുക.
കുട്ടികളും മറ്റും ശല്യപ്പെടുത്താത്തവിധം, ആര്‍ക്കും അധികമായി കടന്നുവരേണ്ടതില്ലാത്ത, നല്ല വായുസഞ്ചാരമുള്ള ഒരു മുറി തിരഞ്ഞെടുക്കുകയാണ് നല്ലത്. 

ആഹാരം

മാംസം കഴിയുന്നതും കുറയ്ക്കുക. സെമി വെജിറ്റേറിയനാവുന്നതാണ് നല്ലത്.
ഗുരു പറയാറുള്ളത്, 'നിങ്ങള്‍ എന്തും കഴിച്ചോളൂ. പക്ഷേ യോഗ സ്ഥിരമായി ചെയ്യുമ്പോള്‍ നിങ്ങളുടെ ശരീരം തന്നെ വിരുദ്ധാഹാരങ്ങളോട് അകന്നു നില്‍്ക്കും' എന്നതാണ്.


ഒരു ഗുരുവിന്റെ സഹായത്തോടെ മാത്രമേ യോഗ അഭ്യസിക്കാവൂ. പുസ്തകം വായിച്ച് യോഗ അഭ്യസിക്കരുതെന്ന് സാരം. പഠിച്ചുകഴിഞ്ഞാല്‍ പിന്നെ സ്വന്തമായി വീട്ടിലിരുന്ന് പരിശീലിക്കാം.


തെറ്റായ ഭക്ഷണക്രമങ്ങള്‍ കൊണ്ടൊക്കെ മലിനമായ ശരീരത്തില്‍ രോഗങ്ങള്‍ വന്നശേഷം, ഒരുപാട് വിലപിടിച്ച മരുന്നുകള്‍ കഴിച്ച്, അതിന്റെ Side effect മൂലം വീണ്ടും രോഗങ്ങള്‍ വന്ന് അതിനെ നേരിടാന്‍ വീണ്ടും മരുന്ന് കഴിക്കുന്നവരാണ് നമ്മള്‍. യാതൊരു ചെലവും ഇല്ലാത്ത യോഗപരിശീലനം കൊണ്ട് ഒരുപാട് രോഗങ്ങള്‍ വരാതെ നോക്കാനും വന്നുകഴിഞ്ഞാല്‍ സുഖപ്പെടുത്താനും കഴിയും.


അപ്പോള്‍. യോഗയെക്കുറിച്ചൊക്കെ ഒന്നു മനസ്സിലാക്കാന്‍ ഇന്നുതന്നെ തീരുമാനമെടുത്തോളൂ....